ചെന്നൈ: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കൊലക്കേസ് പ്രതിയെ ഏഴംഗ സംഘം വെട്ടിക്കൊന്നു. തമിഴ്നാട് കീഴനത്തം സ്വദേശി മായാണ്ടിയെയാണ് വെട്ടിക്കൊന്നത്.
തിരുനെല്‍വേലി ജില്ലാകോടതി കവാടത്തിന് മുന്നിലായിരുന്നു സംഭവം. സംഭവത്തില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്, മനോരാജ്, ശിവ, തങ്ക മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.
രാവിലെ 10.15-ഓടെ കോടതിയുടെ കവാടത്തിനുമുന്നില് നില്ക്കുമ്പോള് കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വെട്ടിവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മായാണ്ടി മരിച്ചു.
2023ല്‍ കീഴനത്തം പഞ്ചായത്ത് മെമ്പറായിരുന്ന രാജാമണിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുകയായിരുന്നു കൊല്ലപ്പെട്ട മായാണ്ടി.രാജാമണി കൊലക്കേസില്‍ അറസ്റ്റിലായ മായാണ്ടി ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. കേസില്‍ ഹാജരാകുന്നതിനാണ് വെള്ളിയാഴ്ച കോടതിയിലെത്തിയത്.