തിരുവനന്തപുരം: വയനാട് പുനരധിവാസം വേഗത്തിലാക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. പുനരധിവാസത്തിനുള്ള കരട് പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തില്‍ രേഖ അവതരിപ്പിച്ചത്. വീടുകള്‍ നിര്‍മ്മിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. ചര്‍ച്ചകള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാകുകയെന്നും പുനരധിവാസത്തിന് വാഗ്ദാനം നല്‍കിയ 38 സംഘടനകളുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.
കരട് പദ്ധതി രേഖ അടുത്ത മന്ത്രിസഭാ യോഗത്തിലായിരിക്കും അംഗീകരിക്കുക. മുണ്ടക്കൈയിലെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കിഫ്ബി തയ്യാറാക്കിയ വിശദമായ പദ്ധതി ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചത്. കേന്ദ്രസഹായം ലഭ്യമാക്കുന്നതിന് കൂടുതല്‍ സമ്മര്‍ദം ചെലുത്തും.