കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസ് ക്രൈംബ്രാഞ്ചിന് വിട്ട് ഡി.ജി.പി ഉത്തരവിറക്കി. പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്താനുള്ള നിര്‍ദേശമാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയിരിക്കുന്നത്. കേസ് സി.ബി.ഐക്ക് വിടണമെന്ന ശിപാര്‍ശക്കു പിന്നാലെയാണ് ഡി.ജി.പിയുടെ നടപടി. നീക്കം സ്വാഗതം ചെയ്ത കുടുംബം, നീതിയുക്തമായ അന്വേഷണം നടക്കുമെന്ന പ്രതീക്ഷ പങ്കുവെച്ചു.
അന്വേഷണം നീളുന്നതിന്റെ കാരണം പൊലീസിന്റെ കഴിവുകേടാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന തോന്നലിനെ തുടര്‍ന്നാണ് പുതിയ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. പി.വി. അന്‍വറിന്റെ വെളിപ്പെടുത്തലുകളോടെ കേസ് ഏത് ദിശയിലാകും പോകുകയെന്ന ആശങ്ക ശക്തമായി. ഇടപെടലുകളില്ലാതെ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 22നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കോഴിക്കോട്ടുനിന്ന് കാണാതായത്.