മലപ്പുറം: ആര്‍.എസ്.എസ്-എ.ഡി.ജി.പി കൂടിക്കാഴ്ച സംബന്ധിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പി.ശശിയും എ.ഡി.ജി.പിയും പൂഴ്ത്തിയെന്ന ഗുരുതര ആരോപണവുമായി പി.വി അന്‍വര്‍ എംഎല്‍എ.
മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് എം.എല്‍.എ. ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കണ്ടിട്ടില്ല. വിശ്വസിച്ചവര്‍ മുഖ്യമന്ത്രിയെ ചതിക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യമാവുമ്പോള്‍ അദ്ദേഹം തിരുത്തുമെന്നും പി.വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ അടുത്തേക്ക് കാര്യങ്ങള്‍ എത്തുന്നില്ല. പി.ശശിയെന്ന ബാരിക്കേഡില്‍ തട്ടി ഇത് നില്‍ക്കുകയാണ്. കാര്യങ്ങള്‍ ബോധ്യപ്പെടുന്നത് വരെ എന്ത് സംഭവിച്ചാലും മുഖ്യമന്ത്രി നിലപാട് മാറ്റില്ല.
അദ്ദേഹത്തിന്റെ പ്രകൃതമാണത്. അവരെ അവിശ്വസിക്കണമെങ്കില്‍ അദ്ദേഹത്തിന് അത് ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂര്‍ണ ബോധ്യം വരുന്നതോടെ അതിന്മേല്‍ ഒരു തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
പി.ശശിക്കെതിരെ പാര്‍ട്ടിക്ക് പരാതി എഴുതി നല്‍കുമെന്നും പി.വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.എ.ഡി.ജി.പിയെ മാറ്റാതെ സര്‍ക്കാറിന് മുന്നോട്ട് പോകാനാവില്ല. അജിത് കുമാറിനെ സര്‍ക്കാറിന് മാറ്റേണ്ടി വരുമെന്നും പി.വി അന്‍വര്‍ പറഞ്ഞു.