തിരുവനന്തപുരം: പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരെ ഇടത് എംഎല്‍എ പി.വി. അന്‍വര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. എല്ലാ ദിവസവും ആരോപണം ഉന്നയിക്കുന്നത് നല്ല ലക്ഷണമാണോ എന്ന് ചോദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ പരാതി ഉണ്ടെങ്കില്‍ രേഖാമൂലം നല്‍കുകയാണ് വേണ്ടതെന്നും പറഞ്ഞു.
എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച ഇന്റിലജന്‍സ് റിപ്പോര്‍ട്ട് പി.ശശിയും അജിത് കുമാറും പൂഴ്ത്തിയെന്ന അന്‍വറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു ടി.പി.രാമകൃഷ്ണന്റെ പ്രതികരണം.
‘അന്‍വറിന് അങ്ങനെ ഒരു പരാതി ഉണ്ടെങ്കില്‍ അത് രേഖാമൂലം കൊടുക്കട്ടെ. അന്‍വര്‍ നേരത്തെ നല്‍കിയ പരാതിയില്‍ ശശിയെ സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ല. ശശിയേക്കുറിച്ച് ഒരു പരാതി ഉണ്ടെങ്കില്‍ അത് ഉന്നയിക്കട്ടെ. എല്ലാ ദിവസവും ഇങ്ങനെ ആരോപണം ഉന്നയിക്കുകയാണോ വേണ്ടത്. അതുതന്നെ ഒരു നല്ല ലക്ഷണമാണോ? പ്രശ്നങ്ങള്‍ തുറന്നുപറഞ്ഞു. അതില്‍ സര്‍ക്കാര്‍ അന്വേഷിക്കാമെന്നും അറിയിച്ചു. ഇനി കൂടുതല്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ അദ്ദേഹത്തിന് സര്‍ക്കാരിന് എഴുതി സമര്‍പ്പിക്കാം’, ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.