ടര്‍ക്കിഷ് തര്‍ക്കം: ‘വിവാദത്തിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെങ്കില്‍ അന്വേഷിക്കണം : നടന്‍ ലുക്മാന്‍

കൊച്ചി: മതനിന്ദയുടെ പേരില്‍ ഭീഷണി നേരിടുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ച ‘ടര്‍ക്കിഷ് തര്‍ക്കം’ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ ചിത്രത്തിലെ പ്രധാന താരം ലുക്മാന്‍. അഭിനേതാവ് എന്ന നിലയില്‍ സിനിമ പിന്‍വലിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്തപെട്ടവരില്‍ നിന്ന് വ്യക്തമായ ഉത്തരം തനിക്ക് കിട്ടിയില്ലെന്ന് ലുക്മാന്‍ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു. റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍ നിന്നും ഈ സിനിമ പിന്‍വലിച്ചത് നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും കൂട്ടായ തീരുമാനമാണ് എന്നാണ് തന്റെ അറിവെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ അഭിനേതാവായ ടര്‍ക്കിഷ് തര്‍ക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിര്‍ഭാഗ്യകരമായ ചര്‍ച്ചകള്‍ ശ്രദ്ധയില്‍ പെട്ടു. രണ്ടര വര്‍ഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററില്‍ നിന്നും ഈ സിനിമ പിന്‍വലിച്ചത് നിര്‍മ്മാതാവിന്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.

അതിലെ അഭിനേതാവ് എന്ന നിലയില്‍ സിനിമ പിന്‍വലിക്കാന്‍ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉത്തരവാദിത്ത പെട്ടവരില്‍ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല.

ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആര്‍ക്കെങ്കിലുമോ വന്നതായി അറിവുമില്ല.

അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശ്യങ്ങള്‍ ഉണ്ടെങ്കില്‍ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *