കൊല്ലം: നടന്‍ ടി.പി. മാധവന്‍ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു. മലയാള ചലച്ചിത്ര താരസംഘടനായ ‘അമ്മ’യുടെ സ്ഥാപകാംഗമായ മാധവന്‍ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. 1994 മുതല്‍ 1997 വരെ ജനറല്‍ സെക്രട്ടറിയായും 2000 മുതല്‍ 2006 വരെ ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1975ല്‍ പുറത്തിറങ്ങിയ രാഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, സന്ദേശം, വിയറ്റ്‌നാം കോളനി, നരസിംഹം, യാത്രക്കാരുടെ ശ്രദ്ധക്ക്, താണ്ഡവം, ലേലം, പുലിവാല്‍ കല്യാണം, അനന്തഭദ്രം അടക്കമുള്ളവയാണ് മാധവന്‍ അഭിനയിച്ച ശ്രദ്ധേയമായ സിനിമകള്‍. 30ലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന ടി.പി മാധവന്റെ ഭൗതികശരീരം നാളെ പത്തനാപുരം ഗാന്ധിഭവനില്‍ എത്തിക്കും. തുടര്‍ന്ന് വൈകിട്ടോടെ തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കരിക്കും.