നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന പരാമര്‍ശം ;ആര്‍. ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ അതിജീവിത വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലുമാണ് ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചത്. കേസില്‍ ദിലീപ് നിരപരാധിയാണെന്നും നടനെതിരെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു അവര്‍ ആരോപിച്ചത്. അതിനുശേഷം അടുത്തിടെ ഒരു സ്വകാര്യ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും ദിലീപിന് അനുകൂലമായി ശ്രീലേഖ രംഗത്ത് വന്നിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

പള്‍സര്‍ സുനി മുമ്പും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നുമാണ് അന്ന് അവര്‍ പറഞ്ഞത്.പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. ഇവര്‍ ചെയ്ത മുന്‍കാല പ്രവര്‍ത്തികള്‍ മുഴുവന്‍ സ്വയം കാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണ്. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് പള്‍സര്‍ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു. ഇതിനെതിരെയാണിപ്പോള്‍ അതിജീവിത രംഗത്തെത്തിയിരിക്കുന്നത്.

നടിയെ ആക്രമിച്ച സംഭവം നടക്കുമ്പോള്‍ ജയില്‍ മേധാവിയായിരുന്നു ശ്രീലേഖ.

Leave a Reply

Your email address will not be published. Required fields are marked *