തിരുവനന്തപുരം: കണ്ണൂരിലെ മുതിര്‍ന്ന നേതാവിന്റെ പിന്തുണയുണ്ടെന്ന പി.വി അന്‍വര്‍ എം.എല്‍.എയുടെ അവകാശവാദത്തിന് മറുപടിയും പി.വി. അന്‍വര്‍ എം.എല്‍.എയെ പിന്തുണക്കുന്ന സി.പി.എം. നേതാക്കള്‍ക്ക് താക്കീതുമായി കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്‍.
പിന്തുണക്കുന്ന സി.പി.എം നേതാവിന്റെ പേര് അന്‍വര്‍ വെളിപ്പെടുത്തണമെന്ന് എ.കെ. ബാലന്‍ ആവശ്യപ്പെട്ടു.നാരദന്മാരുടെ പണിയെടുക്കുന്നവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് ബാലന്‍ മുന്നറിയിപ്പ് നല്‍കി.
സി.പി.എമ്മിലെ ഒരു പാര്‍ട്ടി മെമ്പറെ പോലും അന്‍വറിന് കിട്ടില്ല. എന്നിട്ടല്ലേ നേതാക്കന്മാര്‍. പി. ജയരാജന്‍ എന്നല്ല ഇ.പി. അങ്ങനെയുള്ള പേര് വരുന്നത് തന്നെ ഒഴിവാക്കേണ്ടതാണ്. അങ്ങനെ ഒരു നാരദന്റെ പണിയെടുക്കുന്ന ഒരാളും പാര്‍ട്ടിയില്‍ ഉണ്ടാകില്ല.കണ്ണൂരിലെ പാര്‍ട്ടിയുടെ അകത്തും ഉണ്ടാകില്ല. പാല് കൊടുത്ത കൈക്ക് വിഷപ്പാമ്പ് പോലും കടിക്കില്ല. പച്ചവെള്ളം പോലും കൊടുക്കാത്ത ആള്‍ക്കാരുടെ സംരക്ഷണത്തിലാണ് അന്‍വര്‍ ഇപ്പോള്‍ നടക്കുന്നതെന്ന് എ.കെ ബാലന്‍ പറഞ്ഞു.
താന്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ കണ്ണൂരിലെ ഒരു മുതിര്‍ന്ന സി.പി.എം നേതാവ് പിന്തുണ അറിയിച്ചിട്ടുണ്ടെന്നാണ് അന്‍വര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.