ആലപ്പുഴ: കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം .സംഭവത്തില്‍ അഞ്ച് മരണം. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍ എന്നിവരാണ് മരിച്ചത്.
ഒരാള്‍ സംഭവസ്ഥലത്തും നാല് പേര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.
കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍സീറ്റിലിരുന്ന യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്.
വൈറ്റിലയില്‍ നിന്ന് കായംകുളത്തേക്ക് പോയ ബസും എറണാകുളം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാര്‍ റോഡിലെ വെള്ളക്കെട്ടില്‍ തെന്നി നിയന്ത്രണം വിട്ട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കാര്‍ വന്ന് ഇടിച്ചതിനിടെ ബസ്സിലുണ്ടായിരുന്ന യാത്രക്കാരി ചില്ലിലേക്ക് തെറിച്ചുവീണു. കാര്‍ വെട്ടിപ്പൊളിച്ച് വിദ്യാര്‍ഥികളെ പുറത്തെടുക്കുമ്പോള്‍ കാറോടിച്ചിരുന്നയാള്‍ക്കു മാത്രമാണ് അല്പം ബോധമുണ്ടായിരുന്നത്. ഇയാളില്‍നിന്നാണ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണെന്നുള്ള വിവരം ലഭിച്ചത്.
ബസ്സിനടിയില്‍ കാര്‍ കുടുങ്ങിയ നിലയിലായിരുന്നു. ബസ് പിന്നിലേക്കു തള്ളിമാറ്റിയാണ് കാര്‍ വേര്‍പെടുത്തിയത്. കാര്‍ പൂര്‍ണമായി തകര്‍ന്നു.
പരിക്കേറ്റവരെ ആലപ്പുഴ ജില്ലാ ആശുപത്രി, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.