കൊച്ചി: നോര്‍വീജിയന്‍ സംഗീതജ്ഞന്‍ അലന്‍ വാക്കറുടെ ഡിജെ പരിപാടിക്കിടെ മോഷണം പോയ മൊബൈല്‍ ഫോണുകള്‍ എത്തിയത് ഡല്‍ഹിയിലെ ചോര്‍ ബസാറിലാണെന്ന് പൊലീസിനു വിവരം ലഭിച്ചു. ഫോണുകള്‍ വില്‍ക്കാന്‍ മോഷണസംഘം നീക്കം നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണസംഘം ഉടന്‍ ഡല്‍ഹിയിലെത്തും. മോഷണത്തിന് പിന്നില്‍ ഡല്‍ഹിയിലെ സംഘമാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു.മോഷണം പോയ മൂന്ന് ഐഫോണുകളിൽനിന്നാണ് അന്വേഷണസംഘത്തിന് ഇതു സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് 21 ഐഫോണുകള്‍ ഉള്‍പ്പെടെ 35 ഫോണുകള്‍ നഷ്ടമായതായി പരാതി ലഭിച്ചത്.
വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്. 5000ത്തിലേറെ പേര്‍ പങ്കെടുത്ത പരിപാടിക്കായി കൊച്ചി സിറ്റി പൊലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. പരിപാടി നടന്ന സ്ഥലത്ത് പൂര്‍ണമായും സിസിടിവി നിരീക്ഷണവുമുണ്ടായിരുന്നു. എന്നാല്‍, സുരക്ഷാ സംവിധാനങ്ങളുടെയെല്ലാം കണ്ണുവെട്ടിച്ചാണു വന്‍ മോഷണം നടന്നത്.