എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് മാറ്റാന്‍ 100 കോടി ഓഫര്‍; തോമസ്.കെ തോമസിനെതിരെ ആരോപണം

തിരുവനന്തപുരം: എല്‍.ഡി.എഫിലെ രണ്ട് എം.എല്‍.എമാരെ എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എന്‍.സി.പി. നേതാവും കുട്ടനാട് എം.എല്‍.എയുമായ തോമസ് കെ. തോമസ് 100 കോടി രൂപ വാഗ്ദാനം ചെയതതായി ആരോപണം.

മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എം.എല്‍.എയുമായ ആന്റണി രാജുവിനും ആര്‍.എസ്.പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് ഈ തുക വാഗ്ദാനം ചെയ്തത്. ബി.ജെ.പി. സഖ്യകക്ഷിയായ എന്‍.സി.പി. അജിത് പവാര്‍ വിഭാഗത്തിലേക്ക് ചേരുന്നതിനായി ഇരുവര്‍ക്കും 50 കോടി രൂപ വീതമാണ് ഓഫര്‍ ചെയ്തത്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വിവരം ലഭിച്ചതാണ് തോമസ്.കെ തോമസിന്റെ മന്ത്രിസഭാ പ്രവേശനം മുടങ്ങാനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

വാഗ്ദാനം ലഭിച്ച വിവരം പിണറായി അന്വേഷിച്ചപ്പോള്‍ ആന്റണി രാജു സ്ഥിരീകരിച്ചു. ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എന്നാല്‍, തോമസ് കെ. തോമസ് ചര്‍ച്ച നടത്തുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ പറഞ്ഞു.

അതേസമയം, ആരോപണം തെറ്റാണെന്നും പൂര്‍ണമായും നിഷേധിക്കുന്നുവെന്നും തോമസ് കെ. തോമസ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *