ഹൈദരാഹാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ തനിക്കെതിരെ ഫയല്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് അല്ലു അര്ജുന് തെലങ്കാന ഹൈകോടതിയെ സമീപിച്ചു. കേസില്‍ കോടതി ഉടന്‍ വാദം കേള്‍ക്കുമെന്നാണ് കരുതുന്നത്.
ഡിസംബര്‍ നാലിന് ഹൈദരാഹാദിലെ സന്ധ്യ തിയറ്ററില്‍ താരത്തെ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയപ്പോഴായിരുന്നു സംഭവം. രേവതി എന്ന 39കാരിയാണ് മരിച്ചത്. ഷോ കാണാന്‍ അല്ലു അര്ജുന് എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റര്‍ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്.
യുവതിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും സുരക്ഷാ സംഘത്തിനും തിയേറ്റര്‍ മാനേജ്മെന്റിനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഭാരതീയ ന്യായ സന്ഹിത (ബി.എന്‍.എസ്) 105, 118 (1) വകുപ്പുകള്‍ പ്രകാരമാണ് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.