ഡല്‍ഹി: ഭരണഘടനാ ശില്‍പി ബി.ആര്‍.അംബേദ്കറെക്കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധങ്ങള്‍ക്കിടെ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങല്‍. പ്രതിഷേധങ്ങള്‍ക്കിടെ തങ്ങളുടെ രണ്ട് എംപിമാരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തള്ളിയെന്ന് ബിജെപി ആരോപിച്ചു. പരിക്കേറ്റെന്ന് പറയുന്ന ബിജെപി എംപിമാരായ മുകേഷ് രജ്പുത്, പ്രതാപ് സാരംഗി എന്നിവരെ ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ രാഹുലിനെതിരെ ബിജെപി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ബിജെപി എംപിമാരാണ് തന്നെ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചതെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ഇതിനിടെ ബിജെപി എംപിമാര്‍ തന്നെ കൈയേറ്റം ചെയ്തെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രംഗത്തെത്തിയിട്ടുണ്ട്. ‘ബിജെപി എംപിമാര്‍ തന്നെ തള്ളി. താന്‍ നിലത്തുവീണു. ശസ്ത്രക്രിയയ്ക്ക് വിധേയമായ എന്റെ കാല്‍മുട്ടുകള്‍ക്ക് ഇത് പരിക്ക് വരുത്തി’ ഖാര്‍ഗെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച രാജ്യസഭയിലെ ചര്‍ച്ചയില്‍ നടത്തിയ അംബേദ്കറെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ അമിത് ഷാ മാപ്പ് പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്.
ബിജെപി എംപിമാര്‍ ഈ കവാടത്തിലൂടെ പ്രവേശിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അടക്കമുള്ള നേതാക്കള്‍ പ്രതിഷേധത്തില്‍ അണിനിരന്നിരുന്നു.