ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് രാഹുലും കോണ്‍ഗ്രസും ശീലമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തെ വിഭജിക്കുന്ന ശക്തികള്‍ക്കൊപ്പം ചേര്‍ന്ന് നില്ക്കുകയെന്നത് രാഹുലിന്റെ സ്വഭാവമായി മാറിയിട്ടുണ്ടെന്ന് അമിത് ഷാ വിമര്‍ശിച്ചു. എക്സിലൂടെയായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
രാഹുല്‍ ഗാന്ധി രാജ്യവികാരത്തെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ളതും സുരക്ഷയെ ബാധിക്കുന്നതുമായ പരാമര്‍ശങ്ങളാണ് നടത്തുന്നതെന്ന് അമിത് ഷാ പറഞ്ഞു. ഭാഷകളിലെ, മതങ്ങളിലെ, പ്രദേശങ്ങളിലെ വേര്‍തിരിവുകളെക്കുറിച്ച് സംസാരിക്കുന്നതിലൂടെ രാഹുലിന്റെ വിഭജന ചിന്തയെയാണ് കാണിക്കുന്നതെന്നും അമിത് ഷാ കുറിച്ചു.സംവരണം ഇല്ലാതാക്കുകയാണെന്ന പ്രചരണം നടത്തി രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി സംവരണത്തിനെതിരാണെന്ന് തെളിയിച്ചുവെന്നും അമിത് ഷാ വിമര്‍ശിച്ചു.