മലയാള സിനിമയിലുള്ളവര്‍ മുഴുവന്‍ മോശക്കാരാണ് എന്ന പരാമര്‍ശങ്ങളില്‍ വിഷമമുണ്ട്; സിദ്ദിഖ്

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ദീഖ്. ഷോ റിഹേഴ്സല്‍ നടക്കുന്നതിനാലാണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയത്.ഹേമ കമ്മറ്റിയുടെ നിര്‍ദേശം നടപ്പില്‍ വരുത്തണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. മലയാള സിനിമയിലുള്ളവര്‍ മുഴുവന്‍ മോശക്കാരാണ് എന്ന അര്‍ഥത്തില്‍ പരാമര്‍ശങ്ങളില്‍ വിഷമമുണ്ടെന്നും സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഈ റിപ്പോര്‍ട്ടില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി നിര്‍ദേശങ്ങള്‍ അമ്മ ഭാരവാഹികള്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് എതിരെ അമ്മ ഒന്നും ചെയ്തിട്ടില്ല. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് അമ്മയ്ക്ക് എതിരായുള്ളത് അല്ല.

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായിട്ട് അറിയില്ല. ഒരു സിനിമയില്‍ ആരഭിനയിക്കണം എന്ന് ചിലര്‍ മാത്രം തീരുമാനിച്ചാല്‍ എങ്ങനെയാണ് സിനിമ മുന്‍പോട്ട് പോകുന്നത്. മാഫിയ എന്ന വാക്കിന്റെ അര്‍ഥം അറിയാത്തതിനാലാണ് അങ്ങനെയെല്ലാം പറയുന്നത്. പോലീസ് അന്വേഷണത്തെ ഭയപ്പെടുന്നില്ല. ഷൂട്ടിങ്ങില്‍ ഇന്റേര്‍ണല്‍ കംപ്ലൈന്റ് കമ്മറ്റിയെ വെക്കേണ്ടത് പ്രൊഡ്യൂസറാണ്. അതില്‍ ഇടപെടാന്‍ അമ്മയ്ക്ക് സാധിക്കില്ല.

അമ്മയില്‍ യാതൊരു ഭിന്നതയുമില്ല. വേട്ടക്കാരുടെ പേര് പുറത്ത് വിടാന്‍ ആവശ്യപ്പെടണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. അമ്മ ഭാരവാഹികളായ പല വനിതകളെയും ഹേമ കമ്മീഷന്‍ വിളിപ്പിച്ചിട്ടില്ല. സംവിധായകന്‍ കതകില്‍ മുട്ടിയെന്ന പെണ്‍കുട്ടിയുടെ പരാതി തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തിലകന്റെ മകള്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതവര്‍ തന്നെ കൈകാര്യം ചെയ്തുവെന്നാണ് മനസ്സിലാകുന്നത്. അമ്മയ്ക്ക് അവര്‍ പരാതി നല്‍കിയിട്ടില്ല. കാസ്റ്റിങ് കൗച്ചിങ്ങിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാലാണ് നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്നും സിദ്ദീഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *