തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു സജീവിന്റെ മരണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടം പുറത്ത്. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാര്‍ന്നിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
ഇടുപ്പെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. മകളെ ഇവര്‍ മാനസികമായി പീഡിച്ചിരുന്നുവെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.