മഞ്ചേരി: ‘ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള’ (ഡി.എം.കെ) എന്ന സാമൂഹിക കൂട്ടായ്മയുടെ നയംപ്രഖ്യാപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ. മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനില്‍ ഇന്ന് വൈകീട്ട് നടന്ന പൊതുസമ്മേളനത്തിലാണ് സംഘടനയുടെ പേരും നയനിലപാടുകളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് നയ പ്രഖ്യാപനത്തില്‍ പി വി അന്‍വറിന്റെ ഡിഎംകെ. മലബാറില്‍ പുതിയ ജില്ല വേണമെന്നും മൂന്ന് കളക്ടര്‍മാരുടെ ജോലിയാണ് മലപ്പുറത്തെ കളക്ടര്‍ ചെയ്യുന്നതെന്നും ഡിഎംകെ അഭിപ്രായപ്പെട്ടു.
മുഴുവന്‍ പൗരന്മാര്‍ക്കും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി, വിശ്വാസ സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റം എന്നിവയാണ് ഡി.എം.കെ എന്ന സംഘടന ലക്ഷ്യമിടുന്നത്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കും. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാട് മുന്നോട്ടുവെക്കും. ജാതി സെന്‍സസ് നടത്തണം, പ്രവാസികള്‍ക്ക് വോട്ടവകാശം, വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ ഇ ബാലറ്റ് സംവിധാനം, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം, മലപ്പുറം ജില്ല വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല പ്രഖ്യാപിക്കണം എന്നിവയാണ് പ്രധാനമായും ഡി.എം.കെ മുന്നോട്ടുവെക്കുന്നത്.
വിദ്യാഭ്യാസ വായ്പ ബാധ്യതകള്‍ എഴുതിത്തള്ളണം, സംരംഭക സംരക്ഷണ നിയമം അടിയന്തരമായി നടപ്പാക്കണം, തിരികെ എത്തുന്ന പ്രവാസികള്‍ക്കായി പദ്ധതികള്‍ ആരംഭിക്കും, വിദ്യാഭ്യാസം സൗജന്യമാക്കണം, മേക്ക് ഇന്‍ കേരള പദ്ധതി ജനകീയമാക്കണം, വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവട സൗഹൃദ വായ്പ നടപ്പാക്കണം, തൊഴിലില്ലായ്മ വേതനം മിനിമം 2000 രൂപയാക്കണം, അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര പാസ്, വയോജന ക്ഷേമ നയം നടപ്പാക്കണം എന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി.