കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കൊല്ലപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബര്‍ ആക്രമണ പരാതിയില്‍ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും. പ്രാഥമിക അന്വേഷണത്തില്‍ മനാഫ് അപകീര്‍ത്തിപരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം പരാതിയില്‍ അര്‍ജുന്റെ സഹോദരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ലോറി ഉടമ മനാഫ് എന്ന പേരിലുള്ള മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകളും പൊലീസ് പരിശോധിച്ചിരുന്നു. വീഡിയോയില്‍ അര്‍ജുനെയോ കുടുംബത്തെയോ അപകീര്‍ത്തിപ്പെടുത്തുന്ന വിധം പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. സൈബര്‍ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.