ലഖ്നൗ: എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ബാബ സിദ്ദിഖിയെ വെടിവെച്ചതായി കരുതുന്ന ശിവകുമാര്‍ ഗൗതമിനെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈ പൊലീസ് പിടികൂടിയത്. ഇയാള്‍ നേപ്പാളിലേക്കു കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശിവകുമാറിനെ സഹായിച്ച നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
സിദ്ദിഖിക്കെതിരെ ശിവകുമാര്‍ 6 റൗണ്ട് വെടിവച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഒക്ടോബര്‍ 12 നാണ് ബാബ സിദ്ദിഖി (66) വെടിയേറ്റ് കൊല്ലപ്പെട്ടത്. മകന്റെ ഓഫിസില്‍നിന്ന് ഇറങ്ങി കാറില്‍ കയറാന്‍ ശ്രമിക്കവെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പിടിയിലായവര്‍ തങ്ങള്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലുള്ളവരാണെന്ന് പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതക കേസുമായി ബന്ധപ്പെട്ട് ഇതുവരെ 19 പേര് അറസ്റ്റിലായി.
മുംബൈ-ഉത്തര്‍പ്രദേശ് പൊലീസ് സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ശിവകുമാര്‍ വലയിലായത്. ഇയാള്‍ക്ക് താമസ സൗകര്യമൊരുക്കിയ അനുരാഗ് കശ്യപ്, ഗ്യാന്‍പ്രകാശ് തൃപാഠി, ആകാശ് ശ്രീവാസ്തവ, അഖിലേഷേന്ദ്ര പ്രതാപ് സിങ് എന്നിവരാണ് പിടിയിലായ നാല് പേര്.