മുംബൈ: ബാബ സിദ്ദിഖി കൊല്ലപ്പെട്ടെന്ന് ഉറപ്പുവരുത്താനായി അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിക്ക് മുന്നില്‍ 30 മിനിറ്റോളം കാത്തുനിന്നുവെന്ന് വെളിപ്പെടുത്തി സിദ്ദിഖി കൊലക്കേസിലെ പ്രധാനപ്രതിയായ ശിവ് കുമാര്‍ ഗൗതം.
മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു സിദ്ധിഖിയെ പ്രവേശിപ്പിച്ചത്. വെടിവെപ്പിനു ശേഷം വസ്ത്രം മാറ്റി ശിവകുമാര്‍ ഗൗതം ആശുത്രിയിലെത്തി 30 മിനിറ്റ് ആള്‍ക്കൂട്ടത്തിനൊപ്പം നിന്നു. സിദ്ധിഖിയുടെ നില ഗുരുതരമാണെന്നും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നുമുള്ള വിവരമറിഞ്ഞതിനു ശേഷമാണ് ഗൗതം ആശുപത്രിയില്‍ നിന്ന് പുറത്തുവന്നതെന്നും ഗൗതം പോലീസിനോട് പറഞ്ഞു.
കൃത്യം നടത്തിയ ശേഷം കൂട്ടാളികളായ ധര്‍മരാജ് കശ്യപിനും ഗുര്‍മൈല്‍ സിങ്ങിനുമൊപ്പം ഉജ്ജെയ്ന്‍ റെയില്‍വേ സ്റ്റേഷനിലെത്താനും അവിടെ നിന്ന് ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗത്തിനൊപ്പം വൈഷ്ണോ ദേവിയിലേക്ക് കടന്നുകളയാനുമായിരുന്നു പദ്ധതിയെന്ന് ഗൗതം പറഞ്ഞു.എന്നാല്‍ ധര്‍മരാജും ഗുര്‍മൈലും പോലീസിന്റെ പിടിയിലായതോടെ പദ്ധതി പൊളിയുകയായിരുന്നു.