ബെംഗളൂരു: ബെംഗളൂരുവിലെ അപ്പാര്‍ട്മെന്റില്‍ അസമീസ് വ്ളോഗറായ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ച് കണ്ണൂര്‍ സ്വദേശി ആരവ് ഹനോയ്. ഇന്ദിരാ നഗറിലെ അപ്പാര്‍ട്മെന്റില്‍ മുറിയെടുത്തശേഷം മായയുമായി തര്‍ക്കമുണ്ടായെന്നും കൊലപാതകത്തിനുശേഷം ആത്മഹ്യക്ക് ശ്രമിച്ചെന്നും ആരവ് മൊഴി നല്‍കി.
ഒരു ഡേറ്റിങ് ആപ്പിലൂടെയാണ് മായയുമായി സൗഹൃദത്തിലാകുന്നത്. മായയ്ക്ക് മറ്റ് പ്രണയബന്ധമുണ്ടോയെന്ന സംശയം തോന്നുകയും ഇത് ചോദിച്ച് തര്‍ക്കമുണ്ടാകുകയും ചെയ്തു. അതിനുശേഷം ഓണ്‍ലൈനിലൂടെ കയറും കത്തിയും വാങ്ങി. തുടര്‍ന്ന് കയര്‍ കഴുത്തില്‍ കുരുക്കി മായയെ കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ ശരീരത്തില്‍ കത്തികൊണ്ട് കുത്തുകയും ചെയ്തു. അതിനുശേഷം മുറിയിലെ ഫാനില്‍ തൂങ്ങി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്നും ആരവിന്റെ മൊഴിയില്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെ കടുത്ത വിഷാദ രോഗത്തിന്റെ ലക്ഷണങ്ങളും ആരവ് പ്രകടിപ്പിച്ചിരുന്നു. ഒരു മാനസിക വിദഗ്ദ്ധന്റെ സഹായം കൂടി തേടിയശേഷമാകും പോലീസ് ഇനി ചോദ്യം ചെയ്യുക.
ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുന്ന ആരവിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡയില്‍ ലഭിക്കാന്‍ പോലീസ് അപേക്ഷ നല്‍കും. ആരവിന്റേയും മായയുടേയും കഴിഞ്ഞ ആറ് മാസത്തെ ഫോണ്‍ കോളുകളും പോലീസ് പരിശോധിച്ചിരുന്നു. ഇക്കാലയളവില്‍ ആരവ് ഏറ്റവും കൂടുതല്‍ സംസാരിച്ചത് മായയോടാണ്. മറ്റാരുമായും കൃത്യമായ ആശയവിനിമയം ആരവ് നടത്തിയിട്ടില്ല.
അപ്പാര്‍ട്മെന്റില്‍ നിന്ന് ചൊവ്വാഴ്ച്ച രക്ഷപ്പെട്ട ആരവ് നാല് ദിവസത്തിനിടയില്‍ സഞ്ചരിച്ചത് 2088 കിലോമീറ്ററാണ്. ആദ്യം ഉത്തര കര്‍ണാടകയിലെ റെയ്ച്ചൂരിലേക്കാണ് പോയത്. അവിടെ ഒരു ദിവസം തങ്ങി. അതിനുശേഷം ട്രെയിന്‍ മാര്‍ഗം മധ്യപ്രദേശിലേക്ക് കടന്നു. അവിടെ നിന്ന് ഉത്തര്‍ പ്രദേശിലെ വാരാണസി സന്ദര്‍ശിച്ചു. അവിടെ നിന്ന് കണ്ണൂരിലെ തോട്ടടയിലെ വീട്ടിലേക്ക് ആരവ് വിളിച്ചിരുന്നു. മുത്തച്ഛനോട് സംസാരിക്കുകയും ചെയ്തു. കീഴടങ്ങാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടതോട ആരവ് സമ്മതിക്കുകയായിരുന്നു. പിന്നീട് പോലീസിനെ ഇക്കാര്യം അറിയിച്ചു. ബെംഗളൂരുവിലേക്ക് തിരിച്ചെത്താന്‍ പോലീസ് ആവശ്യപ്പെടുകയും തുടര്‍ന്ന് മടങ്ങിയെത്തിയ ആരവിനെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുവെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.