നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യ ബോംബെന്ന് യാത്രക്കാരന്റെ ഭീഷണി; മഹാരാഷ്ട്ര സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: മനുഷ്യ ബോംബാണെന്ന് യാത്രക്കാരന്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.

വൈകിട്ട് 3.50 ന് മുംബൈക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്. തുടര്‍ന്ന് സി ഐ എസ് എഫുകാര്‍ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്.

കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു. എയര്‍ ഇന്ത്യയുടെ കൊച്ചി- ദമാം, ആകാശ എയറിന്റെ കൊച്ചി- മുംബൈ വിമാനങ്ങള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എക്‌സിലൂടെയായിരുന്നു ഭീഷണി എത്തിയത്. സുരക്ഷാ വിഭാഗത്തില്‍ സന്ദേശം എത്തിയതിന് മുന്‍പേ വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. ഇന്നലെ മാത്രം രാജ്യത്ത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്.

Leave a Reply

Your email address will not be published. Required fields are marked *