ചെന്നൈ: ടിക്കറ്റ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യാത്രക്കാരന്‍ ബസ് കണ്ടക്ടറെ മര്‍ദിച്ച് കൊലപ്പെടുത്തി. ചെന്നൈയിലെ എം.ടി.സി ബസ് കണ്ടക്ടര്‍ ജഗന്‍ കുമാര്‍(52) ആണ് കൊല്ലപ്പെട്ടത്. വെല്ലൂര്‍ സ്വദേശി ഗോവിന്ദനാണ് ജഗന്‍ കുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം.യാത്രക്കാരുമായി രാത്രി ഏഴരയോടെ കോയമ്പേട്ടിലേക്ക് പോയ ബസില്‍ അണ്ണാനഗര്‍ ആര്‍ച്ചില്‍ നിന്ന് യാത്രക്കാരനായ ഗോവിന്ദന്‍ കയറി. കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. ക്ഷുഭിതനായ കണ്ടക്ടര്‍ ഇയാളെ ടിക്കറ്റ് മെഷിന്‍ വച്ച് അടിക്കുകയായിരുന്നു.തുടര്‍ന്ന് ഗോവിന്ദന്‍ ജഗനെ തിരിച്ചടിച്ചു. അടിപിടിക്കിടെ ഇരുവര്‍ക്കും സാരമായി പരുക്കേറ്റു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജഗനെ രക്ഷിക്കാനായില്ല.
ഗോവിന്ദന്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.