പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാള്‍ പാലക്കാടന്‍ ജനത പോളിങ്ങ് ബൂത്തിലേക്ക്. വൈകിട്ട് നാലോടെയാണ് ബിജെപിയുടെയും യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും റോഡ് ഷോ ആരംഭിച്ചത്.
പി.സരിന് വേണ്ടി മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി നടന്‍ രമേശ് പിഷാരടി, മുനവ്വറലി തങ്ങള്‍, ഷാഫി പറമ്പിലുള്‍പ്പെടെയുള്ളവരും സി കൃഷ്ണകുമാറിന് വേണ്ടി കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രനുമുള്‍പ്പെടെയുള്ള നേതാക്കളും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന കൊട്ടിക്കലാശത്തില്‍ വന്‍ജനാവലിയാണ് എത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളി ബാഗുമായിട്ടാണ് കലാശക്കൊട്ടിനെത്തിയത്.
5.30ഓടെ മൂന്ന് മുന്നണികളുടെയും കലാശക്കൊട്ട് സ്റ്റേഡിയം ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലായി. ചൊവ്വാഴ്ച മണ്ഡലത്തില്‍ നിശബ്ദ പ്രചാരണം നടക്കും.