ഉഡുപ്പി: ഉഡുപ്പിയിലെ കുന്ദാപുരയില്‍ ഇന്നോവ കാറില്‍ ലോറി ഇടിച്ച് കയറി ഏഴ് മലയാളികള്‍ക്ക് പരിക്ക്. ക്ഷേത്ര ദര്‍ശനത്തിന് പോയ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
അന്നൂര്‍ സ്വദേശി ഭാര്‍ഗവന്‍, ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു, ഭാര്യ അനിത, മധുവിന്റെ അയല്‍വാസി നാരായണന്‍, ഭാര്യ വത്സല എന്നിവര്‍ക്കും, കാര്‍ ഡ്രൈവര്‍ വെള്ളൂര്‍ കൊട്ടനച്ചേരി സ്വദേശി ഫസിലുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.58-ഓടെയാണ് അപകടം ഉണ്ടായത്. കുന്ദാപുരയിലെ കുംഭാഷിയില്‍ ഉള്ള ശ്രീ ചന്ദ്രികാ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ ലോറി വന്നിടിച്ചത്. ഇന്നോവ റിവേഴ്സ് എടുത്ത് അമ്പലത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അമിത വേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇന്നോവ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ പൂര്‍ണമായും തകര്‍ന്നു.