സിങ്കപ്പുര്‍: ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
ലോക കിരീടത്തിലേക്ക് തേരുതെളിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന ബഹുമതി ഇനി ചെന്നൈയില്‍ ജനിച്ച ഈ കൗമാരക്കാരന് സ്വന്തം.18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍ നേടിയെന്ന കൗതുകയും ഈ വിജയത്തിനൊപ്പമുണ്ട്.
മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുഗേഷ് മറികടന്നത്. ഇതോടെ ലോക ചെസ് ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരവും ഗുകേഷായി.
14 റൗണ്ട് പിന്നിടുമ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ 7.5 പോയന്റിനെതിരെ 6.5 പോയന്റ് നേടാനേ ചൈനക്കാരനായ ഡിങ് ലിറെന് കഴിഞ്ഞുള്ളൂ. അവസാന മത്സരം സമനിലയില്‍ കലാശിച്ചിരുന്നെങ്കില്‍ വിവിധനിര്‍ണയം ടൈബ്രേക്കറിലെത്തുമായിരുന്ന വേളയിലാണ് അവസാന ക്ലാസിക്കല്‍ ടൈം കണ്‍ട്രോള്‍ ഗെയിമില്‍ അപാരമായ മനസ്സാന്നിധ്യത്തോടെ ഗുകേഷ് ചരിത്ര വിജയമണിഞ്ഞത്.