തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ അതീവ പ്രാധാന്യത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ശുപാര്‍ശകള്‍ നടപ്പാക്കാന്‍ പൊതു മാര്‍ഗ രേഖ കൊണ്ടു വരാന്‍ അധികാരമുണ്ടോ എന്ന് പരിശോധിച്ചു. സിനിമാ വ്യവസായ മേഖലയില്‍ ഐസിസി രൂപീകരണം അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കി. ക്രിയാത്മക ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍..ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിനിമ മേഖല കുത്തഴിഞ്ഞതാണെന്ന അഭിപ്രായമില്ല. അതിലെ സാങ്കേതിക പ്രവര്‍ത്തകര്‍ അസന്മാര്‍ഗികളാണെന്നോ സര്‍ക്കാരിന് അഭിപ്രായമില്ല. ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരി എറിയുന്ന സമീപനം നമ്മുടെ സിനിമാ മേഖലയുടെ വളര്‍ച്ച തടയും. സിനിമക്ക് ഉള്ളില്‍ സിനിമാക്കഥയെ വെല്ലുന്ന തിരക്കഥകള്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരെയും ഫീല്‍ഡ് ഔട്ടാക്കാന്‍ ആരും അധികാരം ഉപയോഗിക്കരുത്. കഴിവും സര്‍ഗ്ഗാത്മകഥയുമായിരിക്കണം മാനദണ്ഡം. ചൂഷകര്‍ക്ക് ഒപ്പമല്ല സര്‍ക്കാര്‍. ചൂഷണം നേരിടുന്നവര്‍ക്ക് ഒപ്പമായിരിക്കും സര്‍ക്കാരെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വെളിപ്പെടുത്തലുകള്‍ രഹസ്യാത്മകമാണ്. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്ത് നല്‍കിയിരുന്നു. വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ട് പുറത്തു വിടാന്‍ കഴിയില്ലെന്ന് 2020ല്‍ വിവരാവകാശ കമ്മീഷണറും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ മറികടന്നാണ് പുതിയ നിര്‍ദേശം വന്നത്. സര്‍ക്കാറിന് ഒരു നയം മാത്രമാണെന്നും റിപ്പോര്‍ട്ട് പുറത്തു വരുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.