തിരുവനന്തപുരം: എല്‍.ഡി.എഫ് യോഗം അവസാനിച്ചു. സി.പി.ഐ, ആര്.ജെ.ഡി ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ എ.ഡി.ജി.പിക്കെതിരെ നടപടി വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും എഡിജിപിയെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്. എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെതിരെ ഉടന്‍ നടപടിയില്ല,എ.ഡി.ജി.പിക്കെതിരായ അന്വേഷണം പൂര്‍ത്തിയാകട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി യോഗത്തില്‍ സ്വീകരിച്ചത്.
എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.പി.ഐ. ഇടതുമുന്നണി യോഗത്തിനു മുന്‍പ് ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇടതുമുന്നണി യോഗത്തിലും അവര്‍ എടുത്തത്.
എ.ഡി.ജി.പിയെ മാറ്റണമെന്ന് ആര്.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി. ആര്.എസ്.എസ് നേതാക്കളുമായി എ.ഡി.ജി.പി കൂട്ടിക്കാഴ്ച നടത്തിയത് ഗൗരവതരമെന്നാണ് എന്‍.സി.പി നേതാവ് പി.സി. ചാക്കോ പ്രതികരിച്ചത്.