ചെന്നൈ: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ മൊഴിയെടുത്തു. എസ്.എഫ്.ഐ.ഒയാണ് മൊഴിയെടുത്തത്. ചെന്നൈയില്‍ വെച്ചാണ് വീണ വിജയന്റെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഏജന്‍സി കേസ് ഏറ്റെടുത്ത് 10 മാസം പൂര്‍ത്തിയാകുമ്പോഴാണ് വീണയുടെ മൊഴിയെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് കേസില്‍ എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.
കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍.) എന്ന സ്വകാര്യ കമ്പനി, വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലാണ് മാസപ്പടിവിവാദത്തിന് തിരികൊളുത്തത്. സി.എം.ആര്‍.എല്ലില്‍നിന്ന് എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കി. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.