അമിത് ഷായുടെ പരമാര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ഇന്നും ശക്തമാക്കി പ്രതിപക്ഷം

ഡല്‍ഹി: ബി.ആര്‍. അംബേദ്ക്കറിനെതിരായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരമാര്‍ശത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ പ്രതിഷേധിക്കുന്നത്.

വിജയ് ചൗക്കില്‍ നിന്നാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധം ആരംഭിച്ചത്. ഇന്നലെ ഈ പ്രതിഷേധത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ കേസെടുത്തത് കൊണ്ട് ഭയന്ന് പിന്മാറില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായ കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

ലോക്‌സഭ സമ്മേളനം തുടങ്ങിയുടന്‍ അമിത് ഷാക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങി. ഇതിനിടെ ജെ.പി.സി അന്വേഷണത്തിനുള്ള പ്രമേയം പാസാക്കിയതിന് പിന്നാലെ ലോക്‌സഭ അനിശ്ചിതകാലത്തേക്ക് പിരിയുകയാണെന്ന് ലോക്‌സഭ സ്പീക്കര്‍ അറിയിച്ചു.

രാജ്യസഭയില്‍ മറുപടി നല്‍കുന്നതിനിടെ അംബേദ്ക്കര്‍ അംബേദ്ക്കര്‍ എന്ന് വിളിക്കുന്നതിന് പകരം ദൈവത്തിനെ വിളിച്ചിരുന്നെങ്കില്‍ ഇവര്‍ക്ക് മോക്ഷം കിട്ടുമായിരുന്നു എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.

Leave a Reply

Your email address will not be published. Required fields are marked *