കൊച്ചി: ഇന്ത്യന്‍ ഭരണഘടനയെ വിമര്‍ശിച്ച് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട അവഹേളന കേസില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസില്‍ ഹൈകോടതി പുനരന്വേഷണം പ്രഖ്യാപിച്ചു. സജി ചെറിയാന് ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി, സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടണമെന്നും നിര്‍ദേശിച്ചു.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകള്‍ ശേഖരിക്കുകയോ ചെയ്തില്ല. വേദിയില്‍ ഉണ്ടായിരുന്നവരുടെ മൊഴികള്‍ മാത്രമാണ് അന്വേഷണ ഉദ്യോ?ഗസ്ഥന് രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി.
പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന് ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകള്‍ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രസംഗത്തിന്റെ ശബ്ദ സാംപിള്‍ അന്വേഷണ ഉദ്യോഗസ്ഥന് ഫോറന്‍സിക് പരിശോധനക്ക് അയച്ചിരുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതിന് മുമ്പാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. പൊലീസിന്റെ ഈ നടപടി തെറ്റാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം തെറ്റാണ്. മാധ്യമപ്രവര്‍ത്തകരുടെ അടക്കം മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ജസ്റ്റിസ് ബച്ചു കുര്യന്റെ സിംഗ്ള്‍ ബെഞ്ച് റദ്ദാക്കി.
മല്ലപ്പളിയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമര്‍ശിക്കുന്ന തരത്തില്‍ സജി ചെറിയാന് സംസാരിച്ചുവെന്ന പരാതിയാണ് വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.