‘വഖഫ് കിരാതം’, ‘വാവര്‍’ പരാമര്‍ശം നടത്തിയ രണ്ട് മഹാന്മാര്‍ക്കെതിരെ കേസ് എടുക്കാത്തതെന്ത്; സിപിഐ മുഖപത്രം

തിരുവനന്തപുരം : വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം.

‘വഖഫ് കിരാതം’ എന്ന പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്തെന്നാണ് ചോദ്യം. ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവര്‍ പരാമര്‍ശത്തിലും കേസ് എടുക്കാത്തതിനെയും ‘കിരാതന്‍ ഗോപിയും വാവരു സ്വാമിയും’ എന്ന തലക്കെട്ടിലെഴുതിയ ലേഖനം ചോദ്യം ചെയ്യുന്നു. രണ്ട് മഹാന്മാര്‍ക്കെതിരെയും ഒരു പെറ്റിക്കോസ് പോലും എടുക്കാത്തത് കൗതുകമെന്നും ലേഖനത്തില്‍ പറയുന്നു.

സുരേഷ് ഗോപി ചീറ്റിയ മുസ്ലിം വിദ്വേഷവിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു എന്നാണ് എഡിറ്റോറിയല്‍ പേജിലെ ലേഖനത്തില്‍ പറയുന്നത്. കമ്പളക്കാട് നടത്തിയ പ്രസംഗത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ആര്‍.അനൂപ് പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.

സുരേഷ് ഗോപിയുടെ സഹസംഘിയായ ബി. ഗോപാലകൃഷ്ണനും കുറച്ചില്ല. ശബരിമലയില്‍ വാവര്‍ എന്ന ഒരു ചങ്ങായി പതിനെട്ടാംപടിക്കു താഴെ ഇരിപ്പുണ്ട്. അയാള്‍ നാളെ ശബരിമലയെ വഖഫ് ആയി പ്രഖ്യാപിച്ചാല്‍ അയ്യപ്പനും കുടിയിറങ്ങേണ്ടിവരില്ലേ. വേളാങ്കണ്ണി മാതാവിന്റെ ദേവാലയം വഖഫ് ആയി പ്രഖ്യാപിച്ചാല്‍ ക്രിസ്ത്യാനികള്‍ക്ക് വേളാങ്കണ്ണി ദര്‍ശനമല്ലേ നിഷേധിക്കപ്പെടുക.

മതസ്പര്‍ധയുണ്ടാക്കുന്ന വായ്ത്താരികള്‍ മുഴക്കിയ ഈ രണ്ട് മഹാന്മാര്‍ക്കുമെതിരെ പൊലീസ് ഒരു പെറ്റിക്കേസുപോലുമെടുത്തില്ലെന്നതാണ് കൗതുകകരം. തൃശൂര്‍ പൂരം കലങ്ങിയില്ല വെടിക്കെട്ട് മാത്രമേ വൈകിയുള്ളുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് തള്ളിക്കൊണ്ട് കലാപാഹ്വാനം നടത്തിയും മതസ്പര്‍ധവളര്‍ത്താന്‍ കരുക്കള്‍ നീക്കിയും പൂരം അലങ്കോലമാക്കിയതിന് കേസെടുത്ത പൊലീസാണ് വിഷവിത്തുകളായ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ വിഷം ചീറ്റല്‍ കാണാതെ പോകുന്നതെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *