തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന്. സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്.വിദ്യാഭ്യാസ വകുപ്പ് നല്‍കിയ പരാതി ഡി.ജി.പി ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
സ്വകാര്യ ട്യൂഷന്‍ സെന്ററുകളെ സഹായിക്കുന്നതിന് വേണ്ടി അധ്യാപകരുടെ ഭാഗത്ത് നിന്നാണ് ഗുരുതര വീഴ്ചയുണ്ടായത് എന്നതാണ് പ്രാഥമിക നിഗമനം. പ്ലസ്വണ്‍ കണക്ക് പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയുടെയും ചോദ്യങ്ങളാണ് സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ പ്ലാറ്റ്ഫോമിന്റെ യൂട്യൂബ് ചാനലിലൂടെ ചോര്‍ന്നത്.
പരീക്ഷയുടെ തലേന്ന് ക്രിസ്മസ് അര്‍ധവാര്‍ഷികയുടെ ചോദ്യങ്ങളുടെ മാതൃകയാണ് പുറത്തുവന്നത്. എന്നാല്‍ ചോദ്യങ്ങളുടെ ക്രമം പോലും തെറ്റാതെയാണ് സ്വകാര്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ചാനലില്‍ ചര്‍ച്ച ചെയ്തത്.
സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ താമരശ്ശേരി ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കെ എസ് യു നല്‍കിയ പരാതിയിലാണ് അന്വേഷണം.