ഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീമന്‍ ഓപ്പണ്‍ എ.ഐയിലെ മുന്‍ ജീവനക്കാരനും ഇന്ത്യക്കാരനുമായ യുവാവിനെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഓപ്പണ്‍ എ.ഐയിലെ മുന്‍ ഗവേഷകനായ സുചിര്‍ ബാലാജി (26)യെയാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടത്.
ഓപ്പണ്‍ എ.ഐ ഗുരുതരമായ പകര്‍പ്പവകാശ ലംഘനങ്ങള്‍ നടത്തുന്നതായി കമ്പനിയില്‍നിന്ന് ആഗസ്റ്റില്‍ രാജിവെച്ചതിനുപിന്നാലെ ബാലാജി ആരോപിച്ചിരുന്നു. ബാലാജിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കിടയാക്കി.
ഓപ്പണ്‍ എ.ഐ അതിന്റെ ജനറേറ്റീവ് എ.ഐ പ്രോഗ്രാമായ ചാറ്റ് ജി.പി.ടിയെ പരിശീലിപ്പിക്കുന്നതിന് ശരിയായ അനുമതിയില്ലാതെ പകര്‍പ്പവകാശമുള്ള ഡാറ്റകള്‍ ഉപയോഗിച്ചുവെന്നാണ് ബാലാജി പരസ്യമായി ആരോപിച്ചത്. ചാറ്റ് ജി.പി.ടി പോലുള്ള സാങ്കേതിക വിദ്യകള്‍ ഇന്റര്‍നെറ്റിനെ തകരാറിലാക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.