പോക്‌സോ കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി ;ഡെപ്യൂട്ടി തഹസില്‍ദാറിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ് ; മൂന്ന് പേര്‍ അറസ്റ്റില്‍

മലപ്പുറം: തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.ബി. ചാലിബിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. പി.ബി. ചാലിബിനെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയോളം തട്ടിയെടുത്തതില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. രണ്ടത്താണി സ്വദേശികളായ ഷഫീഖ്, ഫൈസല്‍, വെട്ടിച്ചിറ സ്വദേശി അജ്മല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാജ പോക്‌സോ കേസില്‍ കുടുക്കുമെന്ന് ചാലിബിനെ ഭീഷണിപ്പെടുത്തി ഇവര്‍ 10 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.

പ്രതികള്‍ ഭീഷണി ആവര്‍ത്തിച്ചതോടെ ചാലിബ് വീടുവിടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി ചാലിബ് വീട്ടില്‍ മടങ്ങിയെത്തി.മാനസിക പ്രയാസങ്ങള്‍ മൂലമാണ് വീട് വിട്ടതെന്ന് ചാലിബ് ഫോണിലൂടെ ഭാര്യയോട് പറയുകയും ചെയ്തിരുന്നു.

ബുധനാഴ്ച മുതലാണ് മാങ്ങാട്ടിരി പൂക്കൈത സ്വദേശിയും ഡെപ്യൂട്ടി തഹസില്‍ദാരുമായ പി.ബി. ചാലിബിനെ കാണാതായത്. രാവിലെ പതിവുപോലെ ഓഫീസിലേക്ക് പോയ ചാലിബ് ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല. ഇതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രി 12 മണിയോടെ ചാലിബ് തിരികെ വീട്ടിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *