സംവിധായകന്‍ പി.ബാലചന്ദ്രകുമാര്‍ അന്തരിച്ചു; നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി

ചെങ്ങന്നൂര്‍: സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസില്‍ വലിയ വഴിത്തിരിവായിരുന്നു സൃഷ്ടിച്ചത്. തുടരന്വേഷണത്തിലേക്ക് കടന്നതും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു. ബാചലന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ കേസില്‍ ദിലീപിനെതിരെ ചുമത്തിയത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചന നടന്നെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തലും വലിയ ചര്‍ച്ചയായിരുന്നു.

ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്നും ഇതിന് താന്‍ ദൃക്സാക്ഷിയാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *