വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിന് വന്‍ വിജയം. നിര്‍ണായകമായ സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്.
2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്.
2016-ല്‍ ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലര്‍ വോട്ടുകളില്‍ അന്ന് വിജയം എതിര് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറല്‍ കോളേജ്- പോപ്പുലര്‍ വോട്ടുകള്‍ക്ക് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത്.
വിജയം ഉറപ്പായതോടെ റിപ്പബ്ലിക്കന്‍ ക്യാമ്പ് വിജയാഘോഷം തുടങ്ങി. ഫ്ലോറിഡയില്‍ അണികളെ അഭിസംബോധന ചെയ്ത ട്രംപ്, അമേരിക്കയുടെ സുവര്‍ണയുഗമാണിതെന്ന് പറഞ്ഞു.
വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പെന്‍സല്‍വേനിയ, വിസ്കോണ്‍സന്‍, മിഷിഗന്‍ എന്നീ സ്റ്റേറ്റുകള്‍ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.