ഡല്‍ഹി: ഡല്‍ഹിയിലെ ജയ്ത്പൂര്‍ ഏരിയയിലെ നീമ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു. ഡോ. ജാവേദ് അക്തര്‍ (55) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 1.30നാണ് കൃത്യം നടന്നതെന്ന് പൊലീസ് അറിയിച്ചു. ചികിത്സയ്ക്ക് എത്തിയ രണ്ടുപേര്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവയ്ക്കുകയായിരുന്നു. മുറിവ് വെച്ചുകെട്ടാന്‍ എന്ന പേരിലാണ് പ്രതികള്‍ ആശുപത്രിയില്‍ എത്തിയത്.
കൊലപാതകത്തിന് പിന്നില്‍ മുന്‍വൈരാഗ്യം എന്ന് സംശയമുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതികള്‍ ഇരുവരും പരിക്കേറ്റു എന്ന് പറഞ്ഞാണ് ഹോസ്പിറ്റലില്‍ എത്തിയത്. ഡോക്ടര്‍ ജാവേദിനെ തന്നെ കാണണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതായും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ചികിത്സയ്ക്കായി അപ്പോയിന്റ്മെന്റ് ലഭിച്ച് ഡോക്ടറുടെ ക്യാബിനിനുള്ളില്‍ കയറിതിന് ശേഷമാണ് പ്രതികള്‍ ഡോക്ടര്‍ക്ക് നേരേ വെടിയുതിര്‍ത്തത്. കൃത്യം നടന്നതിന് ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.