പാലക്കാട്: വിവാഹ ഡ്രസ് കോഡിന് പണം നല്‍കാത്തതിനെച്ചൊല്ലി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. പാലക്കാട് കോട്ടായ് സ്വദേശി മന്‍സൂറിന്റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയായിരുന്നു അക്രമം. മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍, ബൈക്ക്, ടിപ്പര്‍ ലോറി, ട്രാവലറുകള്‍ എന്നിവയുള്‍പ്പെടെ വാഹനങ്ങളാണ് തകര്‍ത്തത്.
ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയുളള ഡ്രസ്സ് കോഡില്‍ തുടങ്ങിയ തര്‍ക്കമാണ് ഇത്തരത്തില്‍ പ്രതികാരത്തിലേയ്ക്ക് എത്തിച്ചത്. സുഹൃത്തുക്കള്‍ ഒരുമിച്ച് തീരുമാനിച്ച് വാങ്ങിയ ഡ്രസിന് മന്‍സൂറിന്റെ സഹോദരന് പണം നല്‍കിയിരുന്നില്ല. ഇതില്‍ ദേഷ്യപ്പെട്ട് സുഹൃത്തുക്കളിലൊരാള്‍ രാത്രി വീട്ടില്‍ക്കയറി വന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് തല്ലുകയും ചെയ്തു. പിന്നീട് പ്രശ്നം ഒത്തുതീര്‍പ്പായെങ്കിലും വീണ്ടും ഇയാള്‍ വീട്ടില്‍വന്ന് പ്രശ്നമുണ്ടാക്കി. ഇതോടെ പോലീസില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് വീണ്ടും ഇവര്‍ സംഘമായെത്തി വീട്ടിലെ വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തതെന്നാണ് മന്‍സൂറിന്റെ സഹോദരന് പറയുന്നത്.