അമ്പലപ്പുഴ: യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്. കാണാതായെന്ന ബന്ധുക്കള്‍ പരാതി നല്‍കിയ യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സുഹൃത്തും കരൂര്‍ സ്വദേശിയുമായ ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. ദൃശ്യം സിനിമ മോഡല്‍ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറയുന്നു.
പ്ലെയര്‍കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയത്.
പുറക്കാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന ജയചന്ദ്രന്റെ വീടിന് സമീപം നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് മൃതദേഹം കുഴിച്ചുമൂടിയതെന്നാണ് പൊലീസ് നിഗമനം. നവംബര്‍ ഏഴിനാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
കൊലപാതകത്തിന് ശേഷം അന്വേഷണം വഴിതെറ്റിക്കാന്‍ കൊച്ചിയിലെത്തിയ പ്രതി വിജയലക്ഷ്മിയുടെ ഫോണ്‍ കണ്ണൂരിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ദൃക്സാക്ഷി മൊഴിയുമാണ് പ്രതിയെ കുടുക്കാന്‍ സഹായിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.