ആലപ്പുഴ: ഹെവി വാഹനങ്ങളുടെ ലൈസന്‍സ് ടെസ്റ്റിനിടെ ഡ്രൈവിങ്ങ് സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു .ബസിന്റെ ബാറ്ററിയില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് ബുധനാഴ്ച രാവിലെ 12-നായിരുന്നു സംഭവം.
മൈതാനത്ത് ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നതിനിടെ ബസിന്റെ മുന്‍വശത്ത് നിന്നും പൊട്ടിത്തെറി ശബ്ദം ഉണ്ടായി. തുടര്‍ന്ന് എഞ്ചിന്റെ ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന യുവാവിനോട് ബസില്‍ നിന്നിറങ്ങാന്‍ ആവശ്യപെടുകയായിരുന്നു. യുവാവ് ബസില്‍ നിന്നിറങ്ങിയതിന് പിന്നാലെ തീ ആളിപ്പടര്‍ന്നു.
തീ അണയ്ക്കാന്‍ വാഹന ഉടമ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയും നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായി കത്തി നശിക്കുകയുമായിരുന്നു. ആലപ്പുഴയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.