മലപ്പുറം: വേങ്ങരയില്‍ വയോധിക ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം. വേങ്ങര സ്വദേശികളായ അസൈന്‍, ഭാര്യ പാത്തുമ്മ, മകന് മുഹമ്മദ് ബഷീര്‍ എന്നിവരടക്കമുള്ളവര്‍ക്കാണ് മര്‍ദനമേറ്റത്.ബിസിനസില്‍ മുടക്കിയ പണം തിരിച്ചു ചോദിച്ചതുമായി ബന്ധപ്പെട്ടാണ് കൂട്ടയടിയുണ്ടായത്.
ബഷീര്‍ കൊടുത്ത പണം തിരിച്ചുചോദിച്ചതിന് വേങ്ങര പൂവളപ്പില്‍ സ്വദേശി അബ്ദുല്‍ കലാമും മക്കളും ചേര്‍ന്നാണ് ഇവരെ മര്‍ദിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ അസൈനും പാത്തുമ്മയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബഷീര്‍ തന്റെ സുഹൃത്തായ അബ്ദുല്‍ കലാമിന്റെ മകന് മുഹമ്മദ് എന്നയാള്‍ക്ക് ഒന്നര വര്‍ഷം മുമ്പ് 23 ലക്ഷം രൂപ കടം കൊടുത്തിരുന്നു. മാസങ്ങള്‍ക്കകം തിരികെ നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. എന്നാല്‍ പറഞ്ഞ അവധി കഴിഞ്ഞിട്ടും പണം തിരികെ കിട്ടാതായതോടെ പലതവണ ചോദിച്ചെങ്കിലും കൊടുത്തില്ല. പൊലീസിനെ സമീപിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചിട്ടും പണം തിരികെ നല്കാന് മുഹമ്മദ് തയാറായില്ലെന്ന് കുടുംബം പറയുന്നു.
ഇതിനെ തുടര്‍ന്നാണ് ബഷീറും കുടുംബവും മുഹമ്മദിന്റെ വീടിന് മുന്നില്‍ ഇന്നലെ സത്യാഗ്രഹം നടത്തിയത്. ഈ സമരത്തിനിടയിലുണ്ടായ വാക്ക് തര്‍ക്കമാണ് ഇരു കുടുംബങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്. ബഷീറിന്റെ ഉമ്മ 62കാരിയായ പാത്തുമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹൃദ്രോഗിയായ ഇവരുടെ തലയ്ക്കും നെഞ്ചിനുമടക്കം മര്‍ദനമേറ്റു.
ബഷീറിന്റെ പരാതിയില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിട്ടുണ്ട്.