തിരുവനന്തപുരം: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എംപോക്സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് എല്ലാ വിമാനത്താവളങ്ങളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 2022ല്‍ സമാന സാഹചര്യമുണ്ടായപ്പോള്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ പുറത്തിറക്കിയിരുന്നു.
നേരത്തെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായിരുന്നു എംപോക്സ്. ഇപ്പോള്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നുണ്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്തതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്.
രോഗം ബാധിച്ചവരുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് തൊടുക, ലൈംഗിക ബന്ധം, കിടക്കയോ വസ്ത്രമോ തൊടുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗം പകരാം.
ലക്ഷണങ്ങള്‍ ;
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണുക. പുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നിവിടങ്ങളിലും ഇവ കാണാം.