തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായി 37 മണിക്കൂറിന് ശേഷം വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ അസം സ്വദേശിയായ തസ്മിത് തംസത്തിനെ തിരിച്ചെത്തിക്കാന്‍ കേരളത്തില്‍ നിന്നുള്ള സംഘം പുറപ്പെട്ടു. കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊലിസ് സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചത്. വൈദ്യപരിശോധനക്ക് ശേഷം കുട്ടിയെ എത്രയും പെട്ടെന്ന് കേരളത്തിലെത്തിച്ച് ഇവിടുത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്. അതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇതിനു മുന്‍പായി ചൈല്‍ഡ് ലൈന്‍ കൗണ്‍സിലിങും നടത്തും.
കഴക്കൂട്ടം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുള്ളത്. കുട്ടി നിലവില്‍ വിശാഖപ്പട്ടണത്തെ ആര്‍പിഎഫിന്റെ സംരക്ഷണയിലാണ്. വൈകാതെ കുട്ടിയെ ചൈല്‍ഡ്‌ലൈന് കൈമാറുമെന്നാണ് വിവരം. ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടി സുരക്ഷിതയാണ്. കുട്ടിയെ തിരികെ വിമാനത്തില്‍ എത്രയും പെട്ടെന്ന് കേരളത്തില്‍ എത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
37 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ താംബരം എക്സ്പ്രസില്‍ നിന്നാണ് കുട്ടിയെ കിട്ടിയത്. മലയാളം അസോസിയേഷന്‍ പ്രവര്‍ത്തകരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. അസമിലേക്ക് പോവുകയായിരുന്നു കുട്ടിയെന്നാണ് വിവരം. കുട്ടി ബര്‍ത്തില്‍ കിടക്കുകയായിരുന്നു. കുട്ടിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച്ച രാവിലെ പത്തിനാണ് അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീത് തംസത്തെ വീട്ടില്‍ നിന്ന് കാണാതാകുന്നത്.