തിരുവനന്തപുരം : സീരിയലുകള്‍ എന്‍ഡോസള്‍ഫാനേക്കാള്‍ വിഷലിപ്തം എന്ന കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന്റെ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാറും ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ടെലിവിഷന്‍ മീഡിയ ആര്‍ടിസ്റ്റും (ആത്മ) ആവശ്യപ്പെട്ടു
ചില സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്നായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം. സീരിയലുകള്‍ക്ക് സെന്‍സറിങ്ങ് വേണമെന്നും പ്രേംകുമാര്‍ ആവശ്യപ്പട്ടിരുന്നു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ സീരിയിലുകളുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തില്‍ ‘ആത്മ’ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി പ്രേം കുമാറിനയച്ച തുറന്ന കത്തില്‍ പറയുന്നു. സീരിയലുകളുടെ കാര്യത്തില്‍ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ വെറും കയ്യടികള്‍ക്ക് മാത്രമായി മാദ്ധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച നിലപാടിനെ ആത്മ അപലപിക്കുന്നു.’എന്‍ഡോസള്‍ഫാനിസം’ പ്രസ്താവനയുടെ പിന്നാലെ നടീനടന്മാര്‍ക്ക് തത്രപ്പെട്ട് പോകേണ്ട ആവശ്യമില്ല. എന്നാല്‍ അന്നം മുടക്കുന്ന പ്രവണത കണ്ടാല്‍ നിശബ്ദരായിരിക്കാന്‍ നിര്‍വാഹമില്ലെന്നും തുറന്ന കത്തില്‍ വ്യക്തമാക്കുന്നു.
ടെലിവിഷന്‍ സീരിയലുകള്‍ കുടുംബ സദസുകളിലേക്കാണ് എത്തുന്നത്. ഈ ദൃശ്യങ്ങളുടെ ശീലത്തില്‍ വളരുന്ന കുട്ടികള്‍ ഇതാണ് ജീവിതം,? ഇങ്ങനെയാണ് മനുഷ്യബന്ധങ്ങള്‍ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. കല കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ഉത്തരവാദിത്തം വേണമെന്നാണ് പ്രേം കുമാറിന്റെ പ്രതികരണം.