ബാംഗ്ലൂര്‍ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനില്‍ കുട്ടിയെ കണ്ടു:കാണാതായ 13 വയസുകാരിയെകുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിര്‍ണായക പുരോഗതി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂര്‍ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയതായാണ് പൊലീസിന് വിവരം ലഭിച്ചത്.

ലഭിച്ച ചിത്രത്തില്‍ നിന്ന് കുട്ടിയെ തിരിച്ചറിഞ്ഞ പൊലീസ് ഫോട്ടോ കുട്ടിയുടെ വീട്ടുകാരെയും കാണിച്ചു. ഇതെ ട്രെയിനില്‍ കുട്ടിയുടെ എതിര്‍ വശത്തുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന ബബിതയാണ് പൊലീസിന് നിര്‍ണായക വിവരം കൈമാറിയത്. തമ്പാനൂരില്‍ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് ബബിത പറയുന്നു. ‘കുട്ടി കരയുന്നത് കണ്ടാണ് ഫോട്ടോയെടുത്തത്.വീട്ടിലിടുന്ന വസ്ത്രമാണ് ധരിച്ചിരുന്നത്. ഇതാണ് സംശയം ഉണ്ടാക്കിയത്. വീട്ടില്‍ നിന്ന് പിണങ്ങി വന്നതായിരിക്കുമോയെന്ന് കരുതി. ഞങ്ങളുടെ മുഖത്തേക്ക് പോലും കുട്ടി നോക്കിയിരുന്നില്ല’. ബബിത പറഞ്ഞു.

പുലര്‍ച്ചെ എഴുന്നേറ്റ് വാര്‍ത്ത കണ്ടപ്പോഴാണ് കുട്ടിയുടെ ഫോട്ടോ കണ്ട് സംശയം തോന്നിയത്. തുടര്‍ന്ന് നാലു മണിയോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇന്നലെ രാത്രി കുട്ടിയെ കാണാതായ സംഭവം ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നും ബബിത പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്തശേഷം കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ബബിത പറഞ്ഞു.

തുടര്‍ന്ന് പൊലീസിന്റെ രണ്ട് സംഘങ്ങള്‍ അന്വേഷണം നടത്താനായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.നാഗര്‍കോവിലിലേക്കും കന്യാകുമാരിയിലേക്കുമാണ് പൊലീസ് സംഘങ്ങള്‍ പുറപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *