തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ കുറിച്ചുള്ള നിര്‍ണായക സി.സി.ടി.വി ദൃശ്യം പുറത്ത്. കാണാതായ പെണ്‍കുട്ടി നാഗര്‍കോവില്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി കുപ്പിയില്‍ വെള്ളം നിറച്ച ശേഷം ട്രെയിനില്‍ തിരികെ കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വെള്ളം നിറച്ച ശേഷം അതേ ട്രെയിനില്‍ തന്നെ കയറി പെണ്‍കുട്ടി യാത്ര തുടരുകയായിരുന്നു.
പെണ്‍കുട്ടി കന്യാകുമാരിയില്‍ എത്തിയെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. കേരള പൊലീസിന് പുറമെ തമിഴ്നാട് പൊലീസും റെയില്‍ വെ പൊലീസും ആര്.പി.എഫും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴക്കൂട്ടം ബ്ലോക്ക് ഓഫിസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീന്‍ ബീഗത്തെയാണ് ചൊവ്വാഴ്ച രാവിലെ 10 മുതല്‍ കാണാതായത്.കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.