അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടി ; പലിശസഹിതം തുക തിരിച്ചുപിടിക്കും

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് . കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാനും അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശസഹിതം തിരിച്ചുപിടിക്കാനും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചു.

ഗസറ്റഡ് ഉദ്യോഗസ്ഥരടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ ഇത് കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. സര്‍ക്കാര്‍ കോളേജില്‍ പഠിപ്പിക്കുന്ന രണ്ട് അസി. പ്രൊഫസര്‍മാരും മൂന്നു ഹയര്‍ സെക്കന്‍ഡറി അധ്യാപകരുമൊക്കെ പെന്‍ഷന്‍ വാങ്ങിയവരില്‍ ഉള്‍പ്പെടും. പട്ടികയിലുള്ള ഭൂരിപക്ഷംപേരും ഇപ്പോള്‍ സര്‍വീസിലുള്ളവരാണ്.

ആരോഗ്യവകുപ്പിലാണ് കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ -373 പേര്‍. പൊതുവിദ്യാഭ്യാസവകുപ്പില്‍ 224 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നു.

വിധവ-വികലാംഗ പെന്‍ഷനുകളാണ് ഉദ്യോഗസ്ഥര്‍ തട്ടിയത്. തദ്ദേശ സ്ഥാപനങ്ങളാണ് പെന്‍ഷന് അര്‍ഹരായവരെ കണ്ടെത്തുന്നത് എന്നതിനാല്‍ അനര്‍ഹരെ ഒഴിവാക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *