ഹരിത കര്‍മ സേനയുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു

കൊച്ചി: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഹരിത കര്‍മസേനയുടെ സേവന നിരക്കുകള്‍ ഉയരും. നിരക്കുകള്‍ ഉയര്‍ത്തണമെന്ന നിര്‍ദേശത്തിന് തദ്ദേശഭരണ വകുപ്പ് അംഗീകാരം നല്‍കി. അജൈവ മാലിന്യത്തിന്റെ അളവ് കൂടുന്നതനുസരിച്ച് സ്ഥാപനങ്ങളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കാനാണ് തീരുമാനം.

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ജൈവ മാലിന്യം ശേഖരിക്കുന്നതിന് കിലോയ്ക്ക് കുറഞ്ഞത് ഏഴ് രൂപയായി നിശ്ചയിച്ചു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത അനുസരിച്ച് ഇതിനെക്കാള്‍ ഉയര്‍ന്ന നിരക്ക് നിശ്ചയിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ട്.

വാതില്‍പ്പടി അജൈവ മാലിന്യ ശേഖരണത്തിന്റെ യൂസര്‍ ഫീ സ്ഥാപനങ്ങള്‍ക്ക് നിലവില്‍ പ്രതിമാസം 100 രൂപയാണ്. 13ന് ഇറങ്ങിയ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് വലിയ അളവില്‍ മാലിന്യമുണ്ടാകുന്ന സ്ഥാപനങ്ങളില്‍നിന്ന് പ്രതിമാസം അഞ്ച് ചാക്ക് വരെ (ചാക്കിന്റെ വലുപ്പം 65X80 സെ.മീ.) നൂറുരൂപയായിരിക്കും ഈടാക്കുക. ഇതിനുശേഷം വരുന്ന ഓരോ ചാക്കിനും നൂറുരൂപ വീതം അധികമായി നല്‍കണം.

അതേസമയം, വീടുകളില്‍നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യത്തിന് നിലവിലെ നിരക്കായ പഞ്ചായത്തുകളിലെ പ്രതിമാസം 50 രൂപയും നഗരസഭകളിലെ 70 രൂപയും തുടരും. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിന് കിലോ അടിസ്ഥാനത്തില്‍ നിരക്ക് കണക്കാക്കാനാണ് നിര്‍ദേശം. ഇതുപ്രകാരം ഒരു കിലോയ്ക്ക് കുറഞ്ഞ തുക ഏഴ് രൂപയായി നിശ്ചയിച്ചു. ഇതിലും സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തദ്ദേശസ്ഥാപനത്തിന് ഉയര്‍ന്ന നിരക്ക് നിശ്ചയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *